വെള്ളം നിർമിച്ചു ജലക്ഷാമം പരിഹരിക്കാൻ പറ്റുമോ?

വെള്ളം നിർമിച്ചു ജലക്ഷാമം പരിഹരിക്കാൻ പറ്റുമോ?

ശാസ്ത്രം വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ മനുഷ്യൻ കുടിവെള്ളം നിർമ്മിക്കുന്നുണ്ടോ? ഹൈഡ്രജനും ഓക്സിജനും മാത്രം മതി എന്നിരിക്കെ മനുഷ്യരാശി ജലലഭ്യതയുടെ കാര്യത്തിൽ ഇങ്ങനെ ഒരു മാർഗം അവലംബിക്കുന്നുണ്ടോ?

എന്തു ചോദ്യം എന്നായിരിക്കും ചിലരൊക്കെ ചിന്തിക്കുന്നത്. ഈ ആധുനിക കാലഘട്ടത്തിലും നമ്മൾ വെള്ളം വ്യാവസായികമായി ഉണ്ടാക്കുന്നില്ല. ചിലപ്പോ ലാബിൽ ഒക്കെ ഒരു ഹോബി എന്ന നിലക്ക് ചെയ്യുന്നുണ്ടാകും. പക്ഷെ നമ്മൾ വെള്ളം നിർമികാറില്ല എന്നതാണ് വാസ്തവം.
എന്തൊക്കെ ആവും കാരണം?

1)സാങ്കേതിക പരമായുള്ള ബുദ്ധിമുട്ട്.

2)സാമ്പത്തികപരമായും പരിസ്ഥികപരമായുമുള്ള വെല്ലുവിളികൾ

നമുക്കു ആദ്യം സാങ്കേതികമെന്നത് എന്താണെന് നോക്കാം. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേർന്നു ജലതന്മാത്ര ഉണ്ടാകുന്നു എന്നു നമ്മൾ പഠിച്ചിട്ടുണ്ട്.

എങ്ങനെ ,എപ്പോ, ഏതു രൂപത്തിൽ ജലം ഉണ്ടാകുന്നു?അത് സ്വാഭാവികമായും
പ്രകൃതിയിൽ ദിവസവും ഉണ്ടാകുന്നുണ്ടോ?എന്തൊക്കെ ആണ് അതിന് ആവശ്യം എന്നൊക്കെ ഒരുനിമിഷം നിങ്ങൾ ചിന്തിച്ചേക്കാം.

ശരിക്കും പറഞ്ഞാൽ ഹൈഡ്രജൻ കത്തിയ ‘ചാരം’ ആണ് വെള്ളം. നമ്മൾ സാധാരണ ഗതിയിൽ ഒരു വസ്തു കത്തുക എന്നു പറയുന്നത് ഒരു വസ്തു ഓക്സിജനുമായി സമ്പർക്കം നടത്തി അതിന്റെ ഓക്സൈഡ് ആവുമ്പോൾ ആണ്(എല്ലാമങ്ങനെ പറയാൻ പറ്റില്ല, എങ്കിലും പൊതുവായി നമുക്ക് അങ്ങനെ പറയാം). ഉദാഹരണത്തിന് കാര്ബണ് കത്തുമ്പോൾ കാര്ബണ് ഡൈ ഓക്സയിഡ്, കാര്ബണ് മോണോ ഓക്സയിഡ് എന്നിവ ഉണ്ടാകുന്നില്ലേ. അതുപോലെ ഹൈഡ്രജൻ ഓക്സിജനുമായി ചേരുമ്പോൾ കിട്ടുന്ന ഉത്പന്നം ആണ് ഡൈ ഹൈഡ്രജൻ ഓക്സയിഡ്.അഥവാ വെള്ളം.

അപ്പൊ ഹൈഡ്രജൻ,ഓക്സിജൻ എന്നിവരെ സ്വീകരിക്കൽ ചുമ്മ ഒരു രക്തഹാരം അങ്ങോട്ട് അണിയിച്ചു, ഒരു രക്തഹാരം ഇങ്ങോട്ട് അണിയിച്ചു നാരങ്ങാ വെള്ളം കൊണ്ടൊന്നും തീരില്ല.
ഹൈഡ്രജൻ ഓക്സിജനെ കാണുമ്പോൾ സാഹചര്യം ഒത്തുവന്നാൽ ഒരു ലൈല മജ്‌നൂൻ സംഗമതത്തിനെക്കാൾ ഭീകരമായിരിക്കും. ആത്യന്തം വികാര തീവ്രം.അതായത് ഈ റിയക്ഷന്റെ ഫലമായി ധാരാളം തപോരർജ്ജം പുറത്തുവിടുന്നു.
മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരു ഹൈഡ്രജന്റെ മാസിന്റെ ഒൻപത് ഇരട്ടി ആണ് നമുക്ക് ജലമായി കിട്ടാൻ പോകുന്നത്.

അപ്പോ പത്തു ലിറ്റർ വെള്ളം(10 Kg water) വെള്ളം നിർമിക്കാൻ 1.11Kg ഹൈഡ്രജൻ വേണം.ഈ ഹൈഡ്രജൻ കത്തുമ്പോൾ പുറത്തു വിടുന്ന ഊർജം ഏകദേശം 16.5 കോടി ജൂൾ വരും. എന്നുവെച്ച നമ്മുടെ സാധാരണ താപനിലയിൽ ഉള്ള 525 ലിറ്റർ പച്ചവെള്ളം വെട്ടി തിളക്കാൻ എത്ര ഊർജം വേണമോ അത്രയും. ഒരു പത്തുമൂവ്വയിരം ആളുകൾക്ക് ചായ ഉണ്ടാക്കാൻ ഉള്ള തിളച്ച വെള്ളം റെഡി ആയെന്ന് .

വേറെ രസകരമായ വസ്തുത് , ഇങ്ങനെ react ചെയ്‌ത് ഉണ്ടായ വെള്ളം നീരാവി ആയിട്ടാണ് ഉണ്ടാവുക. അതിനെ തണുപ്പിച്ചു(condense)വെള്ളം ആക്കി എടുക്കണം. അപ്പൊ അതിനും ഊർജം വേണം. മുകളിൽ പറഞ്ഞ സംഭവങ്ങൾ ഒക്കെ നമ്മൾക്ക് manage ചെയ്യാൻ പറ്റുന്നതാണ്. എന്നാലും ചില്ലറ തലവേദന ഉള്ള വിഷയം തന്നെയാണ്. ഹൈഡ്രജൻ കത്തുമ്പോൾ ഉള്ള താപം ഒക്കെ അതിന്റെ വഴിക്ക് പോട്ടെ എന്നു വെക്കാം പക്ഷെ, ഹൈഡ്രജൻ സംഭരണം , അതിന്റെ ട്രാൻസ്‌പോർട്ട് എന്നിവ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഹൈഡ്രജൻ നിൽക്കാൻ ഒരുപാട് സ്ഥലം വേണം. 1 ഗ്രാം ഹൈഡ്രജൻ 11.2 ലിറ്റർ സ്ഥലം വേണം.അപ്പോ ഒരു കിലോ ഹൈഡ്രജൻ നിൽക്കാൻ 11200+ ലിറ്റർ സ്ഥലം വേണ്ടിവരും.
അതു കൊണ്ട് തന്നെ ഹൈഡ്രജനെ ഉയർന്ന മർദത്തിൽ സൂക്ഷിച്ചു കുറഞ്ഞ സ്ഥലത്തേക്ക് ഒതുക്കാൻ ശ്രമിക്കണം. ഇത് അത്ര എളുപ്പമല്ല.അത്രയും മർദം താങ്ങാൻ പറ്റുന്ന ടാങ്കിന് അതിൽ സൂക്ഷിക്കുന്ന ഹൈഡ്രജൻറെ 100 ഇരട്ടി എങ്കിലും ഭാരം വേണം. അപ്പൊ ഒരു നൂറു കിലോ ഹൈഡ്രജൻ നിറക്കാൻ പതിനായിരം കിലോ ഉള്ള പാത്രം വേണമെന്ന് സാരം. ഇതിനെ റോഡിലൂടെ കൊണ്ടു പോകുന്നത് ഒക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പണിപാളും.
അതുപോലെ ഇത്രയും മർദത്തിൽ ഹൈഡ്രജൻ നിറക്കാൻ ധാരാളം ഊർജം വേറെയും വിനിയോഗിക്കേണ്ടി വരും.

2)പാരിസ്ഥിതിക പ്രശ്നം എന്തന്ന് വെച്ചാൽ ഹൈഡ്രജൻ വൻതോതിൽ ഉണ്ടാക്കുന്നത് natural gas ന്റെ steam reforming വഴിയാണ്. ഇത് പുനഃസ്ഥാപിക്കാൻ പറ്റുന്ന വിഭവം അല്ലെന്ന് മാത്രമല്ല, ഇങ്ങനെ ഹൈഡ്രജൻ ഉണ്ടാകുമ്പോൾ കാര്ബണ് ഫൂറ്റ് പ്രിന്റും സംഭവിക്കുന്നു. അതായത് ഹൈഡ്രജന്റെ കൂടെ കുറെ കാര്ബണ് ഡൈ ഓക്‌സയിഡും പുറത്തു വരുന്നു. ഇതും പരിസ്ഥിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുപോലെ ഇവിടെ പറയാൻ വിട്ട ഓക്സിജനും പല വിഭവങ്ങളിൽ നിന്നും രസപ്രവർത്തനം വഴി നിർമിച്ചു എടുക്കുന്നത്‌നൽ വൻതോതിൽ കുടിവെള്ള നിർമ്മാണം എന്നത് കൈപൊള്ളുന്ന കളിയായി മാറുന്നു. മുകളിലെ വിഭവങ്ങളുടെ കാര്യത്തിൽ നിന്നും, ഊർജത്തിന്റെ ഉപയോഗത്തിൽ നിന്നും സാമ്പത്തികമായ വെല്ലുവിളി ഏറെക്കുറെ മനസിലായികാണുമല്ലോ.

ഇനി ഭൂമിയിലെ വെള്ളത്തിന്റെ കാര്യമെടുക്കാം, ഭൂമിയിൽ 97% ൽ അധികം വെള്ളവും കടലിലെ ഉപ്പ് കലര്ന്ന വെള്ളമാണ്, ബാക്കി വരുന്നതിൽ 1% നമുക്ക് ഉപയോഗിക്കാൻ പാകത്തിൽ അല്ലാതെ ഐസ് പാളികൾ ആയും ഭൂഗർഭ ജലമായും ഒളിഞ്ഞിരിക്കുന്നു. അതൊക്കെ കഴിഞ്ഞുള്ള 2% വെള്ളമാണ് മഴയായും, ഡാമിലെ വെള്ളമായും, പുഴയായ പുഴയിലെ വെള്ളമായും വെള്ളപ്പൊക്കമായും മാറുന്നത്. ഇത് വേണ്ട സമയത്ത് വേണ്ട രീതിയിൽ എത്തിക്കാൻ ആണ് മഴ.അതിനെ ബുദ്ധിപരമായി നമ്മൾ ഉപയോഗിക്കുന്നു.വാട്ടർ സൈക്കിളിൽ എന്തെങ്കിലും പാകപ്പിഴകൾ വരുമ്പോൾ വരൾച്ച ഉണ്ടാവുന്നു. വെള്ളം എവിടെയും പോയിട്ടില്ല, നമുക്കത് എത്തികേണ്ട പ്രകൃതിയുടെ ജല ചക്രം എന്ന സപ്പ്ലൈ ചെയിൻ തകരാറിൽ ആവുന്നു.

അപ്പൊ ഇത് ഒന്ന് ഉപസംഹരിക്കട്ടെ;മുകളിലെ വെല്ലുവിളികൾ എല്ലാം മറികടന്ന് വെള്ളം ഉണ്ടാകുന്നതിലും എത്രയോ എളുപ്പമാണ് കടൽ ജലം desalination നടത്തി കുടിവെള്ളമാക്കുന്നത്. അതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങൾ പോലെ ജല ലഭ്യത കുറഞ്ഞ പ്രദേശങ്ങൾ വെള്ളം നിര്മിക്കാതെ ശുദ്ധീകരിച്ചു എടുക്കുന്നത്.

ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാകും ഭൂരിഭാഗം വരുന്ന വെളളം കടലിൽ ഉള്ളപ്പോ നമുക്ക് അതു ശുദ്ധീകരിച്ചു എടുത്തുകൂടെ എന്ന്. അതും തീക്കളി ആണ്. കാരണം വെള്ളം ശുദ്ധീകരണത്തിന് ഫോസിൽ ഇന്ധനം തന്നെയാണ് നമ്മൾ ആശ്രയിക്കേണ്ടി വരുന്നത്‌(green എനർജി കുറവാണ് ).ഫോസിൽ ഇന്ധങ്ങൾ കാര്ബണ് ഡൈ ഓക്സയിഡ് പുറത്ത് വിടും. ഇങ്ങനെ കാര്ബണ് foot print അധികരിച്ചാൽ കാലാവസ്ഥ പ്രതിസന്ധിയൊക്കെ വീണ്ടും വീണ്ടും രൂക്ഷമായി വരും. അപ്പൊ വെള്ളം ഉണ്ടാക്കാൻ പറ്റുന്നതും, കടൽ വെള്ളംശുദ്ധീകരിക്കാൻ പറ്റുന്നതും ഒക്കെ നമ്മളുടെ(കേരളത്തിലെ) അവസാനത്തെ അഭയം ആയിട്ട് മാത്രം കാണുക. ജല നിർമാണം ഇന്നത്തെ സാഹചര്യത്തിൽ ഏറെക്കുറെ നടക്കാത്ത സ്വപനം ആണ് .

കൊല്ലത്തിൽ പെയ്തൊഴിയുന്ന ‘അമൃത്’ നന്നായി പരിപാലിക്കാനും, ബുദ്ധിപരമായി ഉപയോഗിക്കാനും ഒന്നൂടെ ശീലിക്കുക.വെള്ളത്തിന്റെ ഭാവി അത്ര ശോഭനമല്ല എന്നോരുരുത്തരും ഓർമിക്കുക.

ടോട്ടോചാൻ
13/05/19
(ലോക ജലദിനം ആയ മാര്ച്ച് 22 ന് എഴുതി പകുതിയാക്കിയ കുറിപ്പ്.ഇന്ന് പൂർത്തിയാക്കി)

2 Replies to “വെള്ളം നിർമിച്ചു ജലക്ഷാമം പരിഹരിക്കാൻ പറ്റുമോ?”

  1. കടൽവെള്ളം ശുദ്ധീകരിച്ച് ചു പ്രശ്നം പരിഹരിക്കാൻ സാധ്യമല്ലേ

Leave a Reply

Your email address will not be published. Required fields are marked *