വൈറസ്സും വവ്വാലും.

വൈറസ്സും വവ്വാലും.

HIV virus.
HIV virus.

സാർസ്‌, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ്‌ , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്‌, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും.

എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച്‌ ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്‌?

കാരണം ഉണ്ട്‌. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ്‌ ഒരു ഏകകോശ ജീവിയാണോ? വൈറസ്സ്‌ ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ്‌ ഒരു ജീവിയാണോ? ജീവന്റെ ലക്ഷണങ്ങൾ പലതും ഇവ കാണിക്കുന്നില്ല. പിന്നെ എന്താണു വൈറസ്‌? കുറച്ച്‌ ജനിതക പദാർത്ഥങ്ങൾ ഒരു ആവരണത്തിനുള്ളിൽ നിറയ്ക്കപ്പെട്ട ഏറ്റവും ലളിതമായ ഒരു ജൈവരൂപം ആണ് വൈറസ്‌ എന്ന് ചുരുക്കിപ്പറയാം. ഇത്രയ്ക്കും ലളിതമായതു മൂലം, അവ വളരെ സൂക്ഷ്മവും ആണ്. അതായത്‌, നമ്മൾ സൂക്ഷ്മം എന്ന് വിളിക്കുന്ന ബേക്റ്റീരിയകൾക്ക്‌ കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ അവയ്ക്ക്‌ പോലും കാണാൻ സാധിക്കാത്ത വിധം ചെറുത്.
വൈറസ്സുകൾ ഒരു തരം Parasites ആണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി മറ്റു ജീവികളെ ഉപയോഗിക്കുന്ന ജീവി. സ്വന്തമായിട്ട്‌ ഒരു ജൈവ/രാസ പ്രക്രിയ പോലും ചെയ്യാൻ സാധിക്കാത്തവയാണ് വൈറസ്സുകൾ. ഏതൊരു പ്രക്രിയയ്ക്കും വൈറസ്സിനു മറ്റുകോശങ്ങൾ ആവിശ്യമാണ്. പ്രത്യുൽപ്പാദനം പോലും വൈറസ്സുകൾ

Cell_receptors
Cell_receptors

ചെയ്യിപ്പിക്കുന്നത്‌ മറ്റുകോശങ്ങളെ കൊണ്ടാണ്. അതിനുവേണ്ടി വൈറസ്സ്‌ ഒരു കോശത്തെ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്‌ വൈറസ്സിന്റെ ബാഹ്യമായ (പുറംതോട്‌) ആവരണത്തിൽ ആണ്. വൈറസ്സിന്റെ ആവരണത്തിനു ചുറ്റും മുള്ള്‌ പോലെ തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഉണ്ട്‌. ഇവയ്ക്ക്‌ ഒരു താക്കോലിന്റെ ജോലിയാണുള്ളത്. ഏതൊരു താക്കോലും തുറക്കുന്നത്‌ താഴുകളെ ആകുമല്ലോ. ഇത്തരം താഴുകൾ കാണപ്പെടുന്നത്‌ കോശങ്ങളുടെ പുറത്താണ്. ഈ താഴുകൾ കോശങ്ങൾക്കു പരസ്പരം കൈമാറാൻ ആവശ്യമായ പദാർത്ഥങ്ങൾ ആണ്. കോശത്തിന്റെ പുറത്തുള്ള ഈ താഴുകളെ cell surface receptors എന്ന് വിളിക്കുന്നു.
ഈ താഴുകളുടെ ഉദ്ദേശ്യം, അനുവദനീയം അല്ലാത്ത പദാർത്ഥങ്ങൾ കൊശത്തിന്റെ അകത്ത്‌ കടത്തി‌ വിടാതിരിക്കുക എന്നതാണ്. വൈറസ്സ്‌ ഈ താഴുകളുടെ കള്ളത്താക്കോലും കൊണ്ടാണു വരുന്നത്‌‌. ഈ കള്ളത്താക്കോൽ പാകമാകുന്ന ഏതുകോശത്തിന്റെ അകത്തും വൈറസ്സ്‌ കടക്കും.
വൈറസ്സ്‌, കോശങ്ങളുടെ അകത്ത്‌ കടക്കുന്നത്‌ കോശത്തിന്റെ ജനിതക കോപ്പിയുണ്ടാക്കുന്ന സ്വാഭാവികപ്രക്രിയ ഹൈജാക്ക്‌ ചെയ്യാൻ വേണ്ടിയാണ്. കോശങ്ങൾക്ക്‌ സ്വന്തം ജനിതകത്തിന്റെ കോപ്പിയുണ്ടാക്കുവാൻ കഴിവുണ്ട്‌, അങ്ങനെയാണ് കോശങ്ങൾക്കുള്ളിലെ ‘പ്രത്യുൽപ്പാദനം’ നടത്തുക. കോശങ്ങളുടെ ഈ കഴിവ് വൈറസ്സ്‌ ഹൈജാക്ക്‌ ചെയ്യുന്നു. കോശത്തിനെ കൊണ്ട്‌ വൈറസ്സിന്റെ ജനിതക കോപ്പിയുണ്ടാക്കിപ്പിക്കുന്നു. ഒരോ കോപ്പിയും ഒരോ വൈറസ്സ്‌ ആകുകയും ചെയ്യുന്നു. അവസാനം ആ കോശം വൈറസ്സ്‌ കൊണ്ട്‌ നിറഞ്ഞ്‌, അവ പൊട്ടിപിളർന്ന് വ്യാപിക്കുന്നു.

പ്രകൃതിയിൽ ഒരോ കോശത്തിനും ഒരോ തരം cell surface receptors ആണുള്ളത്. അതായത്‌,

Nipah-virus
Nipah-virus

ഒരോ ജീവിക്കും അതിന്റേതായ താക്കോൽ കൊണ്ടാണു കോശത്തിനകത്തേയ്ക്ക് പ്രവേശനം ലഭിക്കുക.
ഒരു സ്പീഷീസിൽ നിന്ന് തന്നെ വളരെയധികം വ്യത്യസ്തമാണ് ഒരോ cell surface receptors ഉം. എന്നാൽ ഇവിടെയാണ് വൈറസ്സ്‌ പരിണാമം പ്രവർത്തിക്കുന്നത്‌. മേൽ പറഞ്ഞ രോഗബാധിതയായ കോശങ്ങളുടെ അകത്ത്‌ ഒരോ വൈറസ്സ്‌ കോപ്പിയുണ്ടാകുമ്പോൾ അതിൽ ചില കോപ്പികൾക്ക്‌ അക്ഷരത്തെറ്റുകൾ സംഭവിക്കാം. ആ അക്ഷരതെറ്റുകളുടെ ഫലമായി ചില വൈറസ്സുകൾക്ക്‌ അവരുടെ പുറത്തുള്ള receptors (നമ്മൾ പറഞ്ഞ അതേ താക്കൊൽ) മാറ്റം വരാം. കോടിക്കണക്കിനു കോപ്പികൾ ഉണ്ടാക്കുന്നിടത്ത്‌ കുറച്ച്‌ ലക്ഷം വൈറസ്സുകൾ receptors മാറിയാൽ അത്‌ വൈറസ്സുകളുടെ ഇപ്പൊഴുള്ള അവസ്ഥയിൽ കാര്യമായ ഗതിമാറ്റം ഉണ്ടാകില്ല. എന്നാൽ, ഈ മാറ്റംവന്ന പുതിയ receptor കൊണ്ട്‌ പുതിയ വാതിലുകൾ തുറക്കാൻ വൈറസ്സുകൾക്ക് സാധിക്കുന്നു. ഇങ്ങനെ ഒരു ജീവിയിൽ ഉണ്ടായിരുന്ന വൈറസ്സ്‌ മറ്റൊരു സ്പീഷീസിലോട്ട്‌ കുടിയേറുമ്പോൾ ആ പുതിയ സ്പീഷീസിൽ ഈ വൈറസ്സിനെ പ്രതിരോധിക്കാനുള്ള യാതൊരുവിധ സംവിധാനവും ഉണ്ടായിരിക്കില്ല. ആ ജീവിക്ക്, ഈ വൈറസ്സ്‌ ഒരു പുതിയ ആക്രമണകാരി ആയിരിക്കും. അങ്ങനെ പ്രസ്തുത ജീവിയ്ക്കുള്ളിൽ ഈ വൈറസ്സുകൾ മാരക പ്രഹരശേഷി കൈവരിക്കുന്നു.മനുഷ്യരിൽ ഇങ്ങനെ മറ്റു സ്പീഷീസിൽ നിന്നും വൈറസ് ബാധയുണ്ടാകുന്നതിനെ zoonotic viral infections എന്ന് വിളിക്കുന്നു.

നമുക്ക് ജലദോഷം വരുന്നത്‌ Rhinovirus നമ്മുടെ ശ്വാസകോശത്തെ ആക്രമിക്കുന്നത് മൂലമാണ്. നിരവധി തലമുറകൾ ആയി ഈ Rhinovirusന്റെ കൂടെ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട്‌. അതുകൊണ്ട് തന്നെ ഇതിന്റെ അക്രമം നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ മനുഷ്യരിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത വൈറസ്സുകൾ മനുഷ്യരിൽ നിന്ന് ചാടി മറ്റു ജീവികളെ അക്രമിക്കുമ്പോൾ അതിനെ reverse zoonosis എന്ന് പറയും.മനുഷ്യന്റെ ശക്തമായ മരുന്നുകൾ അതിജീവിക്കാൻ സാധിക്കുന്ന വൈറസ്സുകൾ മറ്റു ജീവികളിൽ കടക്കുമ്പോഴേക്കും അവ ഭയാനകമാം വിധം കുഴപ്പങ്ങൾ ഉണ്ടാക്കുന്നു.

എന്നാലും എന്തുകൊണ്ടാണു വവ്വാലിൽ നിന്ന് വരുന്ന വൈറസ്സുകൾക്ക്‌ ഇത്ര മാരകശക്തി?

വവ്വാൽ ഒരു സസ്തനിയാണ്. പറക്കുവാൻ സാധിക്കുന്ന ഏക സസ്തനി. പറക്കുവാൻ വേണ്ടി വവ്വാലുകൾക്ക്‌ പരിണാമപരമായ പല പ്രത്യേകതകൾ ഉണ്ട്‌. ശക്തിയായി ചിറകടിക്കുവാൻ വേണ്ടി വളരെയധികം ഊർജ്ജം ആവിശ്യമാണ്. സസ്തനി ആയതുകൊണ്ട് തന്നെ ഇവ warm blooded ആണ്. പറക്കുന്ന വവ്വാലുകൾക്ക്‌ ശരീരം തണുപ്പിക്കാൻ സാധിക്കുമെങ്കിലും അവയുടെ ശരീരത്തിലെ ചൂട്‌ വളരെയധികം ഉയരുന്നുണ്ട്. ഇത് മൂലം സാധാരണ വൈറസ്സുകൾ എല്ലാം മരിക്കുന്നു. എന്നാൽ അതിനെ അതിജീവിക്കുന്ന വൈറസ്സുകൾ മാത്രം വവ്വാലിൽ വളരുന്നു. അതുപോലെ, പറക്കുവാൻ ആവശ്യമായ ഉയർന്ന metabolism ഉള്ള വവ്വാലിന്റെ ശരീരത്തിലെ കേടുപാടുകൾ പ്രതിരോധിക്കാൻ വവ്വാലിന്റെ ഉള്ളിൽ പരിണമിച്ചുണ്ടായ വളരെ മികച്ച immunity system ആണുള്ളത്. ഈ മികച്ച പ്രതിരോധശക്തിയെ അതിജീവിച്ചുകൊണ്ട് പരിണമിച്ച വൈറസ്സുകൾക്ക് അകത്ത്‌ കടക്കുവാൻ സാധിച്ചാൽ അവയ്ക്ക്‌ മറ്റ് പുതിയ ജീവികളുടെ അത്ര ശക്തമല്ലാത്ത പ്രതിരോധം ഒരു പ്രശനമേ അല്ലാതായി മാറുന്നു. തീയിൽ കുരുത്തത്‌ വെയിലത്ത്‌ വാടില്ലാ എന്ന് പറയുമ്പോലെ, വവ്വാലിൽ പരിണമിച്ച വൈറസ്സ്‌ മനുഷ്യരുടെ ഉള്ളിൽ തളരില്ലാ.

മറ്റൊരു വലിയ വിത്യാസം എന്തെന്നാൽ, വവ്വാലുകൾ വൈറസ്സിനെ തിരിച്ച് പ്രതിരോധിക്കുന്ന രീതിയിൽ ഉള്ള കാര്യമാണ്. മറ്റു ജീവികളെപ്പോലെ വൈറസ്സുകളെ അപ്പാടെ തുരത്തുന്നതിനു പകരം ചെറിയ തോതിൽ വൈറസുകൾ കൂടുതൽ കാലം അവയുടെ ഉള്ളിൽ തങ്ങിനിൽക്കാൻ അനുവദിക്കുന്നു.

എന്തുകൊണ്ട്‌ ഈ വൈറസ്സുകൾ വവ്വാലിനെ അല്ലെങ്കിൽ വാഹകരായ മറ്റു ജീവികളെ കൊല്ലാൻ തക്ക ആർജ്ജവം ഇല്ല?

Bats
Bats

നേരത്തെ പറഞ്ഞല്ലോ, ഈ വവ്വാലുകൾ ഈ വൈറസ്സിന്റെ ഒപ്പം ആണു പരിണമിച്ചുണ്ടായത്‌‌. അതുകൊണ്ട്‌ വവ്വാലിൽ അസ്വാസ്ത്യം ഉണ്ടാക്കുമെങ്കിലും ഇവയ്ക്ക് വവ്വാലിന്റെ പ്രതിരോധശേഷിക്ക്‌ മുന്നിൽ മാരകമായ തീവ്രതയിൽ പിടിച്ചുനിൽക്കുക സാധ്യമല്ല.

വവ്വാലുകളിൽ തന്നെ നിരവധി സ്പീഷീസുകൾ ഉണ്ട്‌. അതിനാൽ അവയിൽ ഉള്ള വൈറസ്സുകൾ വവ്വാലുകളിൽ നിന്ന് പരസ്പരം സ്പീഷീസുകളിലേക്ക് ചാടുവാൻ മിടുക്കരാണ്.വവ്വാലിന്റെ അടുത്ത് ഇടപഴകുവാൻ പോകുന്ന ജീവികൾക്കാണു വവ്വാലിൽ നിന്ന് വൈറസ്സുകൾ കിട്ടുവാൻ സ്വാഭാവികമായും സാധ്യത കൂടുതൽ. മനുഷ്യർ കാട്ടിലേക്ക്‌ കൂടുതൽ സ്ഥലം കൈയേറുമ്പോൾ ആണ് ഇത്തരം ഇടപെഴകലിനുള്ള അവസരങ്ങൾ കൂടുന്നത്‌. മനുഷ്യനും അവന്റെ കൂടെ ജീവിക്കുന്ന മൃഗങ്ങളുമായി ഇങ്ങനെ കൂടുതൽ ഇടപെഴകുമ്പോൾ സ്പീഷീസ്‌ മാറി അക്രമിക്കാൻ വൈറസ്സിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.

ചൈനയിൽ 2016-17ൽ പന്നിക്കുട്ടികളെ ബാധിക്കുന്ന കൊറൊണവൈറസ്സ്‌‌ വൻ നാശം വിതച്ചു. 25000 പന്നിക്കുട്ടികളെയാണ് അത് കൊന്നു കളഞ്ഞത്‌.
2002ൽ കൊറോണവൈറസ്സ്‌ വവ്വാലിൽ നിന്ന് പരന്ന് 800 മനുഷ്യജീവൻ ആണു കവർന്നത്‌. ഇവ ഉത്ഭവിച്ചതോ, ചൈനയിലെ ഒരു ഗുഹയിൽ ജീവിക്കുന്ന ഒരു കൂട്ടം വവ്വാലുകളിൽ നിന്നും.

നിപ്പ വൈറസ്സ്‌ ഇവിടെ നമ്മുടെ നാട്ടിൽ, ഇതുവരെ പത്തു മനുഷ്യജീവനാണ് അപഹരിച്ചിട്ടുള്ളത്. 1998-99 കാലഘട്ടത്തിൽ മലേഷ്യയിൽ അത്‌ 105 ആളുകളെ കൊന്നു. നേരിട്ടുള്ള സമ്പർക്കം വഴിയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത്‌ പടരുക. 2014ൽ എബോള വൈറസ് 5000 പേരെ ലോകത്തു നിന്ന് തുടച്ചു മാറ്റിയിട്ടുണ്ട്. 5,00,000 ആളുകൾ വർഷന്തോറും ലോകത്ത്‌ ഫ്ലു ബാധിച്ചു മരിക്കുന്നു.
മലേറിയ 10,00,000 ആളുകളെ എല്ലാ വർഷവും ലോകത്ത്‌ കൊല്ലുന്നുണ്ട്, അതും കൊതുകു വഴി മാത്രം. അതിനാൽ നിപ്പാ വൈറസിനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് അതിശയോക്തിയിൽ പൊതിഞ്ഞു പ്രചരിച്ചു കൊണ്ടിരിക്കുന്ന പൊതു ഭയം അസ്ഥാനത്താണ് എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ ഉദാഹരണങ്ങൾ ആവിശ്യമില്ല.

 

References:

  1. https://www.nature.com/articles/d41586-017-07766-9
  2. http://www.sciencemag.org/news/2017/06/bats-really-do-harbor-more-dangerous-viruses-other-species
  3. https://www.nature.com/news/bats-are-global-reservoir-for-deadly-coronaviruses-1.22137
  4. https://www.wired.com/2014/10/bats-ebola-disease-reservoir-hosts/
  5. https://www.nih.gov/news-events/news-releases/new-coronavirus-emerges-bats-china-devastates-young-swine
  6. http://www.bats.org.uk/pages/bats_and_viruses.html
  7. https://www.newscientist.com/article/2161942-bats-spread-ebola-because-theyve-evolved-not-to-fight-viruses/

2 Replies to “വൈറസ്സും വവ്വാലും.”

Leave a Reply

Your email address will not be published. Required fields are marked *